തൊടുപുഴ : പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം . വീട്ടമ്മ മരിച്ചു.
ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂർ ശരംകുത്തി പടിപ്പുരയ്ക്കൽ മേരി ജോസഫ് (75) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നോടെ തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിലായിരുന്നു അപകടം. മേരിയുടെ സഹോദരൻ രാജൻ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകൻ ടെഡ് (29) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയിൽ ഇന്നലെ പെരുനാൾ ആഘോഷത്തിനു പോയതായിരുന്നു ഇവർ.
പെരുനാളിൽ പങ്കെടുത്ത ശേഷം ബന്ധു വീട്ടിൽ നിന്നും ഇന്നു പുലർച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയം.
മരത്തിലിടിച്ചതിനെ തുടർന്ന് കാറിന്റെ മുൻ ഭാഗം തകർന്നു. ബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ് ചെയ്തും തീ പിടുത്ത സാധ്യത ഒഴിവാക്കി.