കോവളം: പിന്നോട്ടുരുണ്ട വാനിനും ഭിത്തിക്കും ഇടയില്‍പ്പെട്ട് പരിക്കേറ്റ വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആക്‌സിലറേറ്റര്‍ പൊട്ടി പിന്നോട്ടുരുണ്ട വാഹനത്തിന് അഡ വയ്ക്കാൻ ശ്രമിക്കവെയാണ് അപകടം. വള്ളക്കടവ് പുത്തന്‍പാലം ടി.സി. 35/46 ഷാഹിന മന്‍സിലില്‍ ഇര്‍ഷാദ്(45) ആണ് മരിച്ചത്. ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് കോവളം ജങ്ഷന് എതിരെയുള്ള കമുകിന്‍കുഴി റോഡിലായിരുന്നു അപകടം. ഇതേ റോഡിന് സമീപത്ത് നടന്ന മരണാന്തര ചടങ്ങിലേക്ക് ആളുകളെ എത്തിക്കാനാണ് ഇര്‍ഷാദും സഹോദരന്‍ ഷംനാദും വാഹനങ്ങളുമായി എത്തിയത്. ആളുകളെ ഇറക്കി ഇര്‍ഷാദ് വാനുമായി മടങ്ങുമ്പോള്‍ കമുകിന്‍കുഴി ഭാഗത്തുവെച്ച് ബ്രേക്ക് പൊട്ടി റോഡിലെ മതിലില്‍ തട്ടിനിന്നു. ഈ വാന്‍ വലിച്ചുകൊണ്ടുപോകുന്നതിന് ഇര്‍ഷാദ്, സഹോദരന്‍ ഷംനാദിനോട് വാനുമായി എത്താന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് കെട്ടിവലിക്കാന്‍ സ്ഥലത്തെത്തിച്ച വാന്‍ മുന്നോട്ട് എടുക്കുമ്പോള്‍ ആക്സിലറേറ്റര്‍ പൊട്ടി പിന്നോട്ടിറങ്ങി. വാനിനെ പിടിച്ചുനിര്‍ത്താന്‍ കല്ലുകൊണ്ടുളള അടവെക്കാന്‍ ശ്രമിക്കുമ്പോള്‍ ഇര്‍ഷാദ് ഭിത്തിയുടെയും വാനിന്റെയും ഇടയില്‍ കുടുങ്ങി. ഭിത്തിയിലെ ജനാല പൊട്ടി ചില്ലുകള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തും വയറിലും കാലിലും കുത്തിക്കയറിയായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് നാട്ടുകാരും കോവളം പോലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.ഭാര്യ: ഷാമില, മക്കള്‍: ഇമാമുദീന്‍, അലുഫുദീന്‍. വള്ളക്കടവ് വലിയപള്ളി ജുമാ മസ്ജിദില്‍ സംസ്‌ക്കാരം നടത്തി. കോവളം പോലീസ് കേസെടുത്തു.