റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിയെ കാറിടിച്ചു; അതേവാഹനത്തില്‍ കൊണ്ടുപോയി വഴിയില്‍ തള്ളി



കോട്ടയം   മണിമല:
വഴിമുറിച്ചുകടന്ന വിദ്യാർഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാർഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച് കാർ യാത്രക്കാർ കടന്നു.

പരിക്കേറ്റ വിദ്യാർഥി ബസിൽകയറി വീട്ടിലെത്തി.   പരിക്കേറ്റ കുട്ടിയെ വീട്ടുകാർ മണിമലയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

മണിമല സെയിന്റ് ജോർജസ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കടയനിക്കാട് സ്വദേശി ജോയൽ(12) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിനുമുകളിലേക്കാണ് കുട്ടി വീണത്. തലയ്ക്കും കാലിനും കൈക്കും മുറിവേറ്റു. നടുവിന് ചതവുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലേയ്ക്ക് പോകുന്നതിന് സ്‌കൂളിൻ്റെ പടിക്കലുള്ള സീബ്രാലൈൻ മുറിച്ചുകടക്കുമ്പോഴാണ് സംഭവം. കറുകച്ചാൽ ഭാഗത്തുനിന്നെത്തിയ കാറാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്  മണിമല ബസ് സ്റ്റാൻഡിന് സമീപം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

മണിമല പോലീസിൽ വിവരം അറിയിച്ചെങ്കിലും കാർ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല. മണിമല ബസ്സ്റ്റാൻഡിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. പരിശോധിച്ചാൽ കാർ കണ്ടെത്താനാകുമെന്നിരിക്കെ, പോലീസിന്റെ മെല്ലെപ്പോക്ക് പ്രതികളെ സഹായിക്കാനാണെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post