കൊല്ലം: കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂർ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ്
ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ
ഭാഗത്ത് നിന്ന് തീ കത്തി പുക
ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ
ഡ്രൈവർ ബസ് റോഡിൽ നിർത്തി.
തുടർന്ന് ബസിലുണ്ടായിരുന്ന
യാത്രക്കാരും ബസ് ജീവനക്കാരും
പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസിൽ പൂർണമായും പുക നിറഞ്ഞു. എഞ്ചിന്റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസിൻ്റെ എഞ്ചിൻ ഭാഗം ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. ബസിൽ നിന്ന് ഡീസൽ ചോരുന്നത് കണ്ടിരുന്നുവെന്നും തുടർന്ന് പിന്തുടർന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.