കൊച്ചി: പാങ്കോട് കവലയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലുള്ള കിണറിലേക്ക് പതിച്ചു. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഏകദേശം15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്. കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ അനിൽ, വിസ്മയ എന്നീ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് കിണറിൽ ഏകദേശം ആറടിത്താഴ്ച്ചയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് കിണറിൻ്റെ സംരക്ഷണ ഭിത്തി തകർത്ത് കിണറിലേക്ക് വീണെങ്കിലും കിണറിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ദമ്പതികൾക്ക് ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇവരുടെ പരിക്ക് ഗുരുതമല്ല. തുടർന്ന് ക്രൈയിൻ ഉപയോഗിച്ച് കാർ കിണറ്റിൽ നിന്നും പുറത്തെട്ടുത്തു.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ സജീവൻ, എസ്.വിഷ്ണു, കെ.കെ ബിബി, പി.വി വിജീഷ്, എസ്.അനിൽകുമാർ, കെ.ജെ ജേക്കബ് എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.