റിയാദ്: സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. യു.പി സ്വദേശിക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജിൽ മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അൽഖർജ് സനാഇയ്യയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിെൻറ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടി തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ശരത്കുമാറിെൻറ ജീവൻ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2019-ൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്.
ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേളി ജീവകാരുണ്യ വിഭാഗം പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കുകയും തുടർന്ന് റോഡ് മാർഗം വീട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്ക്‌കരിക്കുകയും ചെയ്തു.