കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചത്. കൊല്ലപ്പെട്ട കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവിന്റെ (70) മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. രാജുവിന്റെ മകൻ അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു. രണ്ടു പേരും മാത്രമാണ് നിലവിൽ വീട്ടിൽ താമസിക്കുന്നത്. ഇവിടെ ഇതു സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വീട്ടിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കൊലപാതകം കണ്ടത്. തുടർന്ന് , നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്ന്, പ്രതിയായ അശോകനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.