ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി



ചെന്നൈ : ബൈക്കപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ആത്മഹത്യ ചെയ്തു.

ശനിയാഴ്ച വൈകീട്ട് മാമല്ലപുരത്താണ് അപകടം. മധുരാന്തകം സ്വദേശി സബ്രീനയാണ് (21) അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ആണ് ജീവനൊടുക്കിയത്.

ഇരുവരും ചേർന്ന് യോഗേശ്വരന്റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനിൽ വെച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തലയിടിച്ചുവീണ സബ്രീനക്ക് ഗുരുതര പരിക്കേറ്റു. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സബ്രീനയുടെ മരണവിവരം അറിഞ്ഞതും യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടി ഒരു ബസിനു മുന്നിൽ ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് സംഭവത്തിലും ചെങ്കൽപേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പർ: 1056, 0471- 2552056)


Post a Comment

Previous Post Next Post