എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. എം.സി റോഡിൽ കൂത്താട്ടുകുളം അമ്പലംകുന്ന് പെട്രോൾ പമ്പിനു സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇടയാർ കൊച്ചുമലയിൽ വീട്ടിൽ അരുണിന്റെ മകൾ ആരാധ്യ (8) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട ആരാധ്യ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മയുടെയും സഹോദരിയുടെയും പരിക്ക് ഗുരുതരമല്ല. ആരാധ്യയുടെ മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാമ്പാക്കുടയിലെ അഡ്വഞ്ചർ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആരാധ്യ. ഇതേ സ്കൂളിലെ അധ്യാപികയാണ് ആരാധ്യയുടെ മാതാവ് അശ്വതി. പിതാവ് അരുൺ വിദേശത്താണ് ജോലി ചെയ്യുന്നത്. ഏകസഹോദരി: ആത്മിക.