ഇടുക്കി ചെമ്മണ്ണാറിൽ വയോധികനെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെമ്മണ്ണാർ വടക്കൻചേരിയിൽ ജോസ് (62)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജോസ് റോഡരികിലെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിലിരുന്നിട്ടും ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷമാണ്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.ജോസ് സ്ഥിരമായി ഈ കസേരയിൽ ഇരിക്കാറുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ കണ്ടെങ്കിലും സംശയം തോന്നിയിരുന്നില്ല.
എന്നാൽ നാട്ടുകാർ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഉടുമ്പൻചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഫോറൻസിക് വിദഗ്ധർ എത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജോസ് ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.