ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്



കൊച്ചി∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം. അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയിൽ അതേ ദിശയിൽ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിച്ചു. തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

Post a Comment

Previous Post Next Post