ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.
അപകടം നടക്കുമ്പോൾ വീട്ടിൽ പത്തൊൻപത് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് അറിയിച്ചു.അപകടത്തിൽ പരിക്ക് പറ്റിയവരെ രക്ഷിച്ചുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.