വാരാണസി: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്കും ട്രാക്ടർ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിർസാപൂർ-വാരാണസി അതിർത്തിയിലെ കച്ചവാൻ, മിർസാമുറാദ് പ്രദേശങ്ങള്‍ക്കിടയിലുള്ള ജിടി റോഡിലാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് (മിർസാപൂർ) അഭിനന്ദൻ പറഞ്ഞു. ഭദോഹി ജില്ലയില്‍ നിർമാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 തൊഴിലാളികളുമായി പോയ ട്രാക്ടർ ട്രോളിയില്‍ നിയന്ത്രണം വിട്ട ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നുവെന്നും എസ്പി വ്യക്തമാക്കി. പരിക്കേറ്റ 13 പേരില്‍ 10 പേർ മരിച്ചു, മറ്റ് മൂന്ന് പേരെ ഐഐടി-ബിഎച്ച്‌യുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നിയമനടപടികള്‍ നടന്നുവരികയാണെന്നും എസ്പി കൂട്ടിച്ചേർത്തു. ഭാനു പ്രതാപ് (25), വികാസ് കുമാർ (20), അനില്‍കുമാർ (35), സൂരജ് കുമാർ (22), സനോഹർ (25), രാകേഷ് കുമാർ (25), പ്രേംകുമാർ (40), രാഹുല്‍ എന്നിവരാണ് മരിച്ചത്.