തമിഴ്നാട് തിരുനെൽവേലിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ബൈക്ക് ഓയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൻ (40), ഭാര്യാമാതാവ് ആണ്ടാൾ (66), മക്കളായ മാരീശ്വരി(14), സമീര (7) എന്നിവരാണ് മരിച്ചത്. തിരുനെൽവേലിയിലെ തച്ചനല്ലൂരിൽ മേൽപ്പാലത്തിലാണ് സംഭവം. വണ്ണാർപേട്ടയിലേക്ക് പോവുകയായിരുന്നു ബൈക്ക്. എതിർ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നാല് പേരും റോഡിലേക്ക് തെറിച്ചുവീണു. നിമിഷങ്ങൾക്കകം നാലു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ പി കെ കെ സെന്തിൽ കുമാർ പറഞ്ഞു. ടാങ്കർ ഡ്രൈവർ ഗണേശനെ അറസ്റ്റ് ചെയ്തു. ലോറി പിടിച്ചെടുക്കുകയും ചെയ്തു. തിരുനെൽവേലി സിറ്റി പോലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ അപകട സ്ഥലം പരിശോധിച്ചു. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.