മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി



വിളയൂര്‍ : എക്‌സൈസ് സംഘത്തെ കണ്ടു ഭയന്ന് മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുന്തിപ്പുഴയിലെ നിമ്മിനിക്കുളം കടവില്‍ നിന്നും കിട്ടി.


വല്ലപ്പുഴ ചെമ്മൻ കുഴി കളത്തില്‍ ഷംസുദ്ദീന്റെ മകന്‍ സുഹൈറുദ്ദീന്‍റെ മൃതദേഹമാണ് നിമ്മിനിക്കുളം ഭാഗത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്.


നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്. നാട്ടുകാര്‍ ഉടന്‍തന്നെ കൊപ്പം പോലീസില്‍ വിവരം നല്‍കുകയും കൊപ്പം പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. മൃതദേഹം കട്ടുപ്പാറ പാലത്തിന് സമീപം കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഫയര്‍&റെസ്ക്യൂ ടീമും സ്ഥലത്തെത്തി. മൃതദേഹം കരക്കെത്തിച്ച് ആംബുലന്‍സില്‍ കൊപ്പം പോലീസിന്‍റെ നേതൃത്വത്തില്‍ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


വെള്ളിയാഴ്ച വൈകീട്ട് വല്ലപ്പുഴയിലെ 17-കാരൻ ഉൾപ്പെടെ എട്ടുപേർ ആനക്കൽ നരിമട ഭാഗത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ, പട്ടാമ്പി റേഞ്ച്‌ എക്സൈസ് സംഘം പട്രോളിങ്ങിനെത്തിയിരുന്നു. ഇതുകണ്ട് ഇവർ ചിതറിയോടി. ഇവരിൽ നാലുപേർക്കെതിരേ എക്സൈസ് കേസെടുത്തു. ഇതിനിടെ, പുഴയിൽ ചാടി നീന്തിയെത്തിയ യുവാവാണ് സുഹൃത്തായ 17-കാരൻ പുഴയിൽ ചാടിയിരുന്നെന്ന് രാത്രി 10 മണിയോടെ വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.  

Post a Comment

Previous Post Next Post