മംഗളൂരു: രണ്ടുദിവസം മുമ്പ് വിവാഹിതരായ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും പിന്നീട് കെഎസ്ആർടിസി ബസിലും ഇടിച്ചു. നവവധു മരിച്ചു. വരനു ഗുരുതര പരിക്ക്. ബണ്ട് വാൾ താലൂക്കിലെ പെർണ്ണ ഉദ്യകയ സ്വദേശി അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച ഉച്ചയോടെ മംഗളൂരു ബംഗളൂരു ബിസി റോഡിൽ തലപ്പാടിയിൽ വച്ചായിരുന്നു അപകടം. ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന അനീഷും ഭാര്യയും സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നീട് എതിരെ വന്ന കെഎസ്ആർടിസി ബസിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മാനസ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അനീഷിനെ ഉടൻതന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഈ മാസം അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ദന്തഡ്‌ക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ തീർക്കാൻ മരുമകൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. മേൽക്കാർ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.