കല്ലട ബസും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു.
ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ അറ്റുപോയിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.