തൃശ്ശൂർ ചാലക്കുടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചാലക്കുടി കൂടപ്പുഴ വർഷോപ്പ് സെന്ററിൽ വെച്ചാണ് സ്വകാര്യ ബസും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ( 18 ) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തൻ വീട്ടിൽ ലാലൻ മകൻ മിഥുൽ(17 ) ഗുരുതര പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ്ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10. 30നാണ് അപകടം. ചാലക്കുടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ കൂടപ്പുഴ പാലത്തിനപ്പുറത്ത് വെച്ച് മുൻപിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസ് വേഗതകുറച്ചപ്പോല്‍ തൊട്ടുപിന്നില്‍ ബൈക്കില്‍ വരുകയായിരുന്ന യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് വലത്തോട്ട് നീങ്ങുന്നതും ഇതിനിടയിൽ മുന്നിൽ നിന്നും വരുന്ന ബസിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് .ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെൽജോയുടെ ജീവൻ രക്ഷിക്കാനായില്ല