കോട്ടയം മറ്റകരയിൽ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. പാദുവ സ്വദേശി രതീഷാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയായ ശ്രീജിത്തിന് തന്റെ ഭാര്യയുമായി ബന്ധം ഉണ്ടെന്ന് രതീഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കവും നിലനിന്നിരുന്നു.
ഇന്നലെ രാത്രി 10.30 ഓടെ ഒരു മരണവീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തിൽ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ആ വഴിയെത്തിയ രതീഷിനെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു. രതീഷ് മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് രതീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി അയച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.