കാസർകോട്: കാഞ്ഞങ്ങാട് കാസർകോട് തീരദേശ പാതയിൽ സ്വകാര്യ ബസിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നോർത്ത് ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ടു ബസ്സുകളും. വരദായനി എന്ന സ്വകാര്യ ബസിന് പിറകിൽ പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. സ്ത്രീകൾക്ക് ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തീരദേശ പാതയിൽ ബസ്സുകൾ മത്സരിച്ചോടുന്നതാണ് അപകടത്തിന് വഴിവെക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.