തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന റെഡിമിക്സ് കമ്പനിയുടെ ലോറിയിൽ പാലക്കാട് ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ചുവന്നമണ്ണ് മേഖലയിൽ ദേശീയപാതയിലെ അപകടങ്ങൾ തുടർക്കഥ ആവുകയാണെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. ദേശീയപാത കുറുകെ കടക്കുന്ന കാൽനട യാത്രക്കാരും ഇവിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞിട്ടുണ്ട്. ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാവുന്ന തരത്തിൽ അപകട സൂചന ബോർഡുകളോ ലൈറ്റുകളോ ഇവിടെ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ദേശീയപാതയ്ക്ക് കുറുകെ സീബ്ര ലൈനുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.
ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷയ്ക്ക് വേണ്ട മുൻകരുതലകൾ എടുക്കാൻ അധികൃതർ എത്രയും വേഗം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.