ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും എയർ ഗണ്ണും കത്തികളും പൊലീസ് കണ്ടെടുത്തു. അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ചൊവാഴ്ച്ചയാണ്.
നഗരത്തിലെ സർക്കാർ സ്കൂളിന് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെ വെടി വെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം ആണ് വെടി വെപ്പിൽ എത്തിയത്.ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല. വിദ്യാർത്ഥികൾ തമ്മിൽ സ്കൂൾ വളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലേക്ക് എത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്ത് വെച്ചാണ് വെടി വെപ്പ് നടന്നത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.
തുടർന്ന് വെടി വെച്ച വിദ്യാർത്ഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർ ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ട് വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാൽ പൊലീസ് ജുവൈനൽ കോടതിക്ക് റിപ്പോർട്ട് നൽകി. കുട്ടികൾ ജുവൈനൽ കോടതിയിൽ ഹാജരാകണം.