ദുബായ്: തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു.
ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ ആബേലിൻ്റെ മകൻ അനിൽ ദേശായ്(30) ആണ് മരിച്ചത്. ദുബായ് മംസാർ ബീച്ചിൽ ഇന്ന് (ഞായർ )പുലർച്ചെയായിരുന്നു സംഭവം.
അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും മൂന്ന് കൂട്ടുകാരും ഇന്നലെ രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. ഇന്ന് അവധിയായതിനാൽ നാലു പേരും ബീച്ചിൽ തന്നെ രാത്രി സമയം ചെലവഴിച്ചു.തുടർന്ന് പുലർച്ചെ എണീറ്റ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടുകാരിലൊരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പൊലീസും ചേർന്ന് അനിലിനെ കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. അനിമോൾ ആണ് അനിലിൻ്റെ മാതാവ്.
ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.