ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു: മകൻ മരിച്ചു

 


മക്ക: ഹജിനിടെ ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തിൽ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്. വിവരമറിഞ്ഞ സഹോദരൻ സൽമാൻ അപകടസ്ഥലത്തേക്ക് തിരിച്ചതായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.


കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സൽമാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്.

മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ പറഞ്ഞിരുന്നു. പിതാവിനെ കാണാതായതുമുതൽ കൂടെനിൽക്കുകയും തെരച്ചിലിന് നേതൃത്വം നൽകയും ചെയ്തവർക്കെല്ലാം സൽമാൻ നന്ദി പറഞ്ഞു. മക്ക പോലീസ് അധികാരികൾ, ഹജ് കോൺസുൽ മുഹമ്മദ് അബദുൽ ജലീൽ, മക്കയിലെ പൊതുപ്രവർത്തകരും സംഘടനകളും കാര്യമായി സഹായിച്ചുവെന്നും സൽമാൻ പറഞ്ഞു. കുവൈത്തിലുള്ള മക്കളായ സൽമാൻ, റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്. കോഴിക്കോട് കായലം സ്കൂ‌ൾ റിട്ട.അധ്യാപകനായിരുന്നു മുഹമ്മദ്.

Post a Comment

Previous Post Next Post