കണ്ണൂർ: പൊടിക്കുണ്ട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു. സ്കൂട്ടർ യാത്രികരായ രണ്ട് പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കണ്ണാടിപ്പറമ്പ് സ്വദേശി മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് പൂർണമായും അഗ്നിക്കിരയായത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ റോഡിന് മധ്യത്തിലായി സ്കൂട്ടർ നിന്ന് പോവുകയും പുകയും ഉയർന്നു. അരികിലേക്ക് തള്ളി നീക്കുന്നതിനിടെ നിമിഷങ്ങൾക്കകം സ്കൂട്ടറിന്റെ പിൻഭാഗത്ത് നിന്നും തീ വ്യാപിച്ചു.
മറ്റു വാഹനങ്ങളിൽ നിന്നും ലഭിച്ച അഗ്നിശമന ഉപകരണം കൊണ്ട് അണയ്ക്കാനുള്ള ശ്രമം നടത്തി എങ്കിലും ഫലമുണ്ടായില്ല.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽ കുമാർ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ അണയ്ക്കുമ്പോഴേക്കും പൂർണമായും സ്കൂട്ടർ കത്തി നശിച്ചിരുന്നു. കണ്ണാടിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.