തിരുവല്ലം : സ്കൂട്ടർ നിയന്ത്രണംവിട്ട് ബൈപ്പാസിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികൻ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ശംഖുമുഖം കണ്ണാന്തുറ തൈവിളാകം പുരയിടത്തിൽ മത്സ്യത്തൊഴിലാളിയായ ലോറൻസ് (56) ആണ് മരിച്ചത്.
ലോറൻസിന്റെ ഭാര്യ ബേബി(52)ക്കാണ് പരിക്കേറ്റത്. ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
തിരുവല്ലം കോവളം ബൈപ്പാസിൽ വാഴമുട്ടം സിഗ്‌നലിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടo.
ഇവരുടെ മൂത്ത മകൻ്റെ ഭാര്യ റോജി താമസിക്കുന്നത് തമിഴ്‌നാട് വള്ളവിളയാണ്. ഇവർക്ക് വേണ്ടി മീനും വാങ്ങി പോകവെയാണ് അപകടത്തിൽപ്പെട്ടത്.
യാത്രക്കിടയിൽ ഇവരുടെ സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബൈപ്പാസിലെ ഡിവൈഡറിലിൽ ഇടിച്ച് മറിഞ്ഞു.
റോഡിൽ തെറിച്ചുവീണ ലോറൻസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവം കണ്ട നാട്ടുകാർ തിരുവല്ലം പോലീസിൽ അറിയിച്ചു.
പോലീസെത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ലോറൻസ് മരിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തിരുവല്ലം പോലീസ് കേസെടുത്തു.
മക്കൾ: ജിഫിൻ (സൈനികൻ), ജിജിൻ.