മേപ്പാടി മരിച്ചവരുടെ പുഴയായി മാറിയിരിക്കുകയാണു ചാലിയാർ. എഴുപതോളം മൃതദേഹങ്ങളാണു ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇത്രയേറെ മൃതദേഹങ്ങൾ കണ്ടെടുത്ത, ഇത്രയേറെ ദൂരം മൃതദേഹങ്ങൾ ഒഴുകിയ പുഴ കേരളത്തിലുണ്ടാകില്ല. വയനാട്ടിൽ നിന്നാണു പുഴയുടെ ഉത്ഭവമെങ്കിലും ചാലിയാറാകുന്നതു മലയടിവാരത്തു മലപ്പുറം ജില്ലയിലെത്തുമ്പോളാണ്.
ചാലിയാർ ഉത്ഭവിക്കുന്ന പുഞ്ചിരിമട്ടത്താണ് ഉരുൾ പൊട്ടിയത്. ചെമ്പ്രമലയും വെള്ളരിമലയും ചേരുന്ന ക്യാമൽ ഹംപ് മലനിരകളിലാണു പുഞ്ചിരിമട്ടം. ഇതിന് മുകളിലാണു വെള്ളമൊലിപ്പാറ. ഇവിടെ വരയാണ് ആളുകൾ പോകാറ്. അതിനു മുകളിലേക്കു കുത്തനെയുള്ള കരിമ്പാറയാണ്. ഈ കരിമ്പാറക്കെട്ടുകളിലെ ഉറവകളിൽ നിന്നാണു നീർച്ചാൽ തുടങ്ങുന്നത്. ഈ ഭാഗത്ത് ചെറിയ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. ഇവിടെനിന്നും ഒഴുകി പുഞ്ചിരിമട്ടം കടന്നാണു പുഴ മേലെ മുണ്ടക്കൈയ്യിൽ എത്തുന്നത്.
മേലെ മുണ്ടക്കൈ മുതലാണു വീടുകൾ തുടങ്ങുന്നത്. ഇവിടെ എത്തുമ്പോഴേക്കും അരുവി ചെറിയ പുഴയായി മാറും. വീണ്ടും ഒഴുകി സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലെത്തും. സീതാ ദേവി കുളിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന വലിയ കുളമാണു സീതമ്മക്കുണ്ട്. വളരെ അപകടം പിടിച്ച കുളമാണിത്. വെള്ളച്ചാട്ടം കാണാനെത്തിയ നിരവധിപ്പേരാണ് കുളത്തിൽ വീണു മരിച്ചത്. കുളത്തിൽ മുങ്ങിയവരെ പലപ്പോഴും രക്ഷിക്കാൻ സാധിക്കാറില്ല. കുളത്തിന്റെ അടിത്തട്ടിലേക്ക് എത്തിപ്പെടാൻ സാധിക്കില്ലെന്നു നാട്ടുകാരനായ ജിതേഷ് പറഞ്ഞു. ഒരു പരിധിയിൽ കൂടുതൽ താഴേക്ക് ഊളിയിടാൻ സാധിക്കില്ല. അടിയിലെ മർദം മൂലം മുകളിലേക്കു തിരിച്ചു നീന്തേണ്ടി വരും. അതുകൊണ്ട് എത്ര ആഴമുണ്ടെന്നും അറിയാൻ സാധിച്ചിട്ടില്ല. എന്നാൽ ആ സീതമ്മക്കുണ്ട് ഇനിയില്ല. അത് നികത്തപ്പെട്ടു. അവിടെ വെള്ളച്ചാട്ടം ഉണ്ടായിരുന്നുെവന്നതിനു പോലും ഇപ്പോൾ തെളിവില്ല.
ഇവിടെ പുഴയ്ക്കു 25 മീറ്ററോളമാണു വീതി. അതിപ്പോൾ 200 മീറ്ററോളമായി. ഉരുൾപൊട്ടലോടുകൂടി ഇത്രയും വിശാലമായ സ്ഥലത്തിനു നടുവിലൂടെ മൂന്നോ നാലോ മീറ്റർ വീതിയിൽ ഇപ്പോൾ ചെറിയ തോടൊഴുകുന്നുണ്ട്. മുകളിൽനിന്നു താഴേക്കു വളഞ്ഞും പുളഞ്ഞുമാണു പുഴ ഒഴുകിയിരുന്നത്. ആ വളവുകളെല്ലാം നികത്തപ്പെട്ടു നേർ രേഖയിൽ ഉരുൾപൊട്ടൽ താഴേക്ക് കുതിച്ചു. ഇവിടെനിന്നും ഒഴുകി എത്തുന്നതു സൂചിപ്പാറ െവള്ളച്ചാട്ടത്തിലേക്കാണ്. മൂന്നു വെള്ളച്ചാട്ടമുണ്ടു സൂചിപ്പാറയിൽ. വനത്തിനുള്ളിലെ മൂന്നാമത്തെ വെള്ളച്ചാട്ടത്തിനു 100 മീറ്ററോളം ഉയരമുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ വച്ചാണു കള്ളാടി, മീനാക്ഷി, നെല്ലിമുണ്ട പുഴകൾ ചേരുന്നത്. തുടർന്ന് മലയടിവാരത്ത് വനത്തിലൂടെ ചാലിയാർ ആരംഭിക്കുന്നു. ചാലിയാർ ഒഴുകിയെത്തുന്ന ജനവാസ മേഖലയാണു പോത്തുകൾ. പുഞ്ചിരിമട്ടത്തുനിന്നും പോത്തുകല്ലിലേക്കു പുഴ ഒഴുകുന്നത് 35 കിലോമീറ്ററോളമാണ്. അഞ്ചോളം വലിയ വെള്ളച്ചാട്ടങ്ങളും കൊടുംകാടും ചെങ്കുത്തായ മലഞ്ചെരിവും കടന്നാണു പോത്തുകല്ലിൽ എഴുപതോളം മൃതദേഹങ്ങൾ എത്തിയത്.
ചൂരൽമല സ്കൂൾ കെട്ടിടത്തിൽ വന്നടിഞ്ഞ മരത്തടികൾക്കിടയിൽ നിന്നാണു പത്തോളം മൃതദേഹങ്ങൾ കിട്ടിയത്. ഉരുളൊഴുകിയ 35 കിലോമീറ്ററിനിടെ പുഴയിലും പുഴയോടു ചേർന്നും പടുകൂറ്റൻ പാറകളുണ്ട്. അവിടെയൊക്കെ മൃതദേഹങ്ങൾ അടിഞ്ഞിട്ടുണ്ടോ എന്നു യാതൊരു വിവരവും ഇല്ല. ഉരുൾപൊട്ടി അടിച്ചുകയറിയപ്പോൾ തന്നെ ഭൂരിഭാഗം പേരുടേയും ജീവൻ പോയിക്കാണും. പക്ഷേ ആ ശരീരങ്ങൾ സഞ്ചരിച്ച ദൂരവും വഴിയും സങ്കൽപ്പിക്കാൻ സാധിക്കാത്തതാണ്. പാറക്കെട്ടുകളിൽ അടിച്ചു ചിതറിപ്പോയ ശരീരങ്ങളാണു പോത്തുകല്ലിൽ എത്തിയത്. ആ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വഹിച്ചുകൊണ്ട് മരണപ്പുഴയായി ചാലിയാർ ഒഴുകി. ചാലിയാറിലെ വെള്ളത്തിൽ കലർന്ന മനുഷ്യ രക്തത്തിന്റെ ചുവപ്പ് ഉരുൾപൊട്ടലിലെ ചെളിനിറത്തിനൊപ്പം ലയിച്ചു ചേർന്നിരിക്കുന്നു.