കോഴിക്കോട് : കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ എം.ബി.ബി.എസ് വിദ്യാർഥി മുങ്ങിമരിച്ചു.കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാളാണ് മരിച്ചത്.തൂത്തുക്കുടി ഗവ. കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ പാലാ സ്വദേശി ജോർജ് ജോസഫ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം കരിയാത്തുംപാറയിലെത്തിയതായിരുന്നു. കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.
കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉൾപ്പെടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.