മധ്യപ്രദേശിലെ രേവയിൽ വീട്ടുമതിൽ തകർന്ന് നാല് കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ സാഗർ ജില്ലയിൽ നിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ഒരു ക്ഷേത്രത്തിലെ മതിൽ ഇടിഞ്ഞുവീണ് 9 കുട്ടികൾ മരിച്ചു. ഷാപൂരിലെ ഹർദുൽ ബാബ ക്ഷേത്രത്തിലാണ് സംഭവം. നിരവധി കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിട്ടുണ്ട്. ക്ഷേത്രത്തിൽ മതപരമായ ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടം. സംഭവത്തിൽ വേദനയുണ്ടെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിനു 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.