തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദപ്പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത അഞ്ചുദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്
ജലനിരപ്പ് ഉയരുന്നു; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം:ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാൽ വിവിധ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് കേന്ദ്ര ജലകമ്മിഷൻ ജാഗ്രതാ നിർദേശം നൽകി. മണിമല നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ജലകമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷൻ, ജലസേചന വകുപ്പിന്റെ വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയ സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത 'ത്തണം.