കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന പുകപ്പുരയില്‍ വന്‍ തീപ്പിടിത്തം. മുക്കം എംഎഎംഒ കോളേജിന് സമീപത്തെ നെല്ലിക്കുന്നിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരന്റെ റബ്ബര്‍ പുകപ്പുരയിലാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം. പുകപ്പുരയിലെ റബ്ബര്‍ ചിരട്ടപ്പാല്‍ ഉണക്കുന്നതിനിടയില്‍ തീ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നതായാണ് നിഗമനം
സ്ഥാപനത്തിലെ ജീവനക്കാര്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സില്‍ നിന്ന് ഉടന്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി
സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ എന്‍. രാജേഷ്, സേനാംഗങ്ങളായ ഒ. അബ്ദുല്‍ ജലീല്‍, കെ.പി അമീറുദ്ദീന്‍, എം.സി സജിത്ത് ലാല്‍, കെ. ഷനീബ്, വി. സലീം, കെ. പി. അജീഷ്, സി. രാധാകൃഷ്ണന്‍, സി.എഫ് ജോഷി, സി.ടി ഷിബിന്‍, എം.എസ് അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്