കോഴിക്കോട് ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും വ്യാപകനാശം. വടകരയില്‍ അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴിയില്‍ വ്യാപക നാശമുണ്ടായി.വടകര സ്റ്റാന്‍ഡ് ബാങ്ക്സിൽ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരയിലെ ഷീറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ചില വാഹനങ്ങള്‍ക്ക് കേടുപറ്റി. നാല് പെട്ടിക്കടകളും കാറ്റില്‍ നിലംപൊത്തി.
സമീപത്ത് നിന്ന ഒരാള്‍ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കുറ്റ്യാടി , കാതോട് ഭാഗങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.
കനത്ത മഴയിൽ വിലങ്ങാട് പുഴയിൽ മലപ്പെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞി- ചാലിയാർ പുഴയുടെ കൈവഴികളെല്ലാം നിറഞ്ഞുകവിഞ്ഞ് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയിൽ കക്കയത്ത് 24 മണിക്കൂറിനിടെ 124 മില്ലീ മീറ്റര്‍ മഴ കിട്ടി. മഴക്കെടുതിയിൽ ഇതുവരെ 33 വീടുകൾ ഭാഗികമായി തകർന്നു.അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങി.