പാലക്കാട് മണ്ണാർക്കാട്: പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ യുവാവിനെ കാണാതായി.
മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ് (21) യെ ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് മൂന്നു യുവാക്കൾ പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയത്. രണ്ട് പേർ ഫോട്ടോ എടുക്കുന്നതിന് വേണ്ടി താഴെ നിന്നപ്പോൾ വിഷ്ണു മുകളിലേക്ക് കയറി പോയതായാണ് സുഹൃത്തുക്കൾ പറഞ്ഞത്. മണ്ണാർക്കാട് ഫയർഫോഴ്സും, കല്ലടിക്കോട് പോലീസും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തിരച്ചിലിന്റെ ഇടയിൽ പാറകൾക്കിടയിൽ നിന്നും യുവാവിന്റെ എന്ന് കരുതുന്ന വസ്ത്രം കിട്ടിയതായി ഫയർഫോഴ്സ് അറിയിച്ചു. വട്ടമ്പലത്തെ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സീനിയർ ഷിന്റോ, പി സുരേഷ് കുമാർ, ഷബീർ എം, എസ് റിജേഷ്, വിഷ്ണു, വിജിത്ത്, ഹോം ഗാർഡ് അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പുഴയുടെ താഴെ വല കെട്ടിയിരിക്കുകയാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലും പ്രദേശത്ത് ഇരുട്ടായതിനാലും ഇന്നത്തെ തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടുകൂടി തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിശമന സ്റ്റേഷൻ ഓഫീസർ ഇബ്രാഹിം അറിയിച്ചു.