എറണാകുളം: കൂത്താട്ടുകുളം – പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
പാലാ റോഡിൽ മാരുതി കവലയ്ക്ക് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിലിന്റെ ഗേറ്റ് ഉൾപ്പെടുന്ന ഭാഗവും സമീപത്തു നിന്നിരുന്ന ടെലിഫോൺ പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു