ജൂലൈ 30... ഇതുവരെ കണ്ട ഏറ്റവും വലിയ ദുരന്ത വാർത്ത കേട്ട് കേരളം ഉണർന്ന ദിവസം. കുത്തിയൊഴുകി എത്തിയ മലവെള്ളവും ഗതി മാറി ഒഴുകിയ പുഴയും ഒരു ജനപഥത്തെ തന്നെ ഇല്ലാതാക്കി. സംഹാര രൂപം പൂണ്ട പ്രകൃതി മനുഷ്യ ജീവനുകളെടുത്ത് നമ്മുടെ നാടിന്റെ ഉള്ളുലച്ച് കുത്തിയൊഴുകി. ഉരുൾപൊട്ടലുകൾ അനവധി കണ്ടവരാണ് മലയാളികൾ. പക്ഷെ ഇത്രയും ഭീതിതമായ ഒരു ദുരന്തം ആരും പ്രതീക്ഷിച്ചതല്ല. പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്നവർ എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാകാതെ നിത്യമായ നിദ്രയിലേക്ക് വീണുപോയി.
ഇന്നലെവരെ കാഴ്ചയുടെ വിരുന്നൊരുക്കിയ ഇടമാണ് ശ്മശാന ഭൂമിയായി മാറിയിരിക്കുന്നത്. മനോഹരമായൊരു തിരശീല പോലെ ഗ്രാമത്തിന് പിന്നിൽ തല ഉയർത്തി നിന്ന ചൂരൽമല, ഒരൊറ്റ നിമിഷത്തിലാണ് എല്ലാം തകർത്തെറിഞ്ഞത്. ഇന്നലവരെ നടന്ന വഴികളിലൂടെ വഴിയറിയാതെ പ്രാണൻ കൈയിലെടുത്ത് മറ്റെല്ലാം കൈവിട്ട് അവർ ഓടി. ആ ഓട്ടത്തിൽ പലരും വീണുപോയി. ചിലർ കുതറിയെഴുന്നേറ്റ് ഒടി. ചിലർ മണ്ണിലും ചെളിയിലും പുതഞ്ഞു.
എന്നാല്‍ ഇവിടേക്ക് രക്ഷാപ്രവർത്തകർ എത്തിയത് കാണുമ്പോള്‍ 'അതെ ഇത് കേരളമാണ്' എന്ന് ആരും അറിയാതെ പറഞ്ഞുപോകും. നാട്ടുകാരും രക്ഷാ പ്രവർത്തകരും തുടക്കമിട്ട രക്ഷാപ്രവർത്തനം എന്‍ഡിആർഎഫും ഫയർഫോഴ്സും പിന്നീട് സെെന്യവും ഏറ്റെടുക്കുന്നതാണ് നമ്മള്‍ കണ്ടത്.
'സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്നും സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ടെന്നും' ഉള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം ആശ്വാസകരവും മുന്നിലുള്ള ദൗത്യത്തിന്റെ ആഴവും വേഗവും ഓര്‍മ്മിക്കുന്നതായിരുന്നു. കൂടുതല്‍ സേന സ്ഥലത്തെത്തിയതോടെ മണ്ണില്‍ പുതഞ്ഞവരെയും പലയിടങ്ങളിലായി കുടുങ്ങിയവരെയും രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമായി. പാലം പൊളിഞ്ഞപ്പോള്‍ താല്‍ക്കാലിക പാലമുണ്ടാക്കിയും പ്രതികൂല സാഹചര്യങ്ങള്‍ വകവെക്കാതെ ഹെലികോപ്റ്റർ ഇറക്കിയതും നമ്മള്‍ കണ്ടു. മന്ത്രിമാരും വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളും സംഘടനകളും കാര്യങ്ങള്‍ ഏകോപിപ്പിച്ചു. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം മണിക്കൂറുകള്‍കൊണ്ടാണ് കെഎസ്ഇബി പുനഃസ്ഥാപിച്ചത്. അക്ഷരാർത്ഥത്തില്‍ഭരണ സംവിധാനവും പൗരസമൂഹവും ഒന്നിച്ചിറങ്ങി മഹാദുരന്തത്തെ നേരിട്ട ഒരു പകല്‍.
പുലർച്ചെ രണ്ട് മണിക്ക് ശേഷം പെയ്ത ചൂരൽമല-മുണ്ടക്കൈ പ്രദേശത്ത് പെയ്ത തോരാമഴയ്ക്കും മരംകോച്ചുന്ന തണുപ്പിനും മരണത്തിന്റെ ഗന്ധമായിരുന്നു. സൂര്യൻ ഉദിച്ചപ്പോഴും അവിടെ ഇരുട്ട് തന്നെ നിറഞ്ഞു. ആശങ്കയുടെ ഇരുൾ. മുണ്ടക്കൈ ഇനി കണ്ണീരോർമ്മയുടെ ചരിത്രമാണ്. നാമാവശേഷമായ ചരിത്രം. പക്ഷേ അങ്ങനെ ആ നാടിനെ കൈവിടാൻ നമുക്കാവില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് മലയാളികൾ. നമുക്ക് തളർന്നു പോയ അതിജീവിതരുടെ കൈപിടിച്ച് ഉയർത്തണം. കരളുറപ്പോടെ കേരളം ദുരിത ബാധിതരുടെ കൈപിടിക്കും. അത് കേരളത്തിന്റെ ഉറപ്പാണ്.