തിരുവനന്തപുരം ∙ കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്– വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. വീടിനു സമീപമുള്ള രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു
തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ മഴക്കുഴിയിൽ വീണു കിടക്കുന്നത് കാണുകയുമായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കഴിഞ്ഞ ദിവസം നിർത്താതെയുള്ള മഴയിൽ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കിളിമാനൂർ പൊലീസ് കേസെടുത്തു. സഹോദരൻ: ജീവ രാജീവ് (അങ്കണവാടി വിദ്യാർഥി)