കാറും ഐസ് കയറ്റി വന്ന മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

 


എറണാകുളം  പറവൂർ: ചേന്ദമംഗലം കവലയില്‍ കാറും ഐസ് കയറ്റി വന്ന മിനി ലോറിയും കൂട്ടിയിടിച്ചു. കാറില്‍ ഇടിച്ചു നിയന്ത്രണം വിട്ട മിനി ലോറി ഒരു ഇരുചക്രവാഹന യാത്രികനെ ഇടിച്ചിട്ട ശേഷം മറിഞ്ഞ് ഐസ് മുഴുവൻ റോഡില്‍ വീണു.

കാറിന്‍റെ മുൻഭാഗം തകർന്നു. വ്യാഴം പുലർച്ചെ 5.45ന് ആയിരുന്നു അപകടം. ചേന്ദമംഗലം ഭാഗത്തു നിന്നെത്തിയ കാറും, മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍റെ ഭാഗത്തു നിന്നെത്തിയ മിനി ലോറിയുമാണ് അപകടമുണ്ടാക്കിയത്. 


സ്‌കൂട്ടർ യാത്രികൻ കെടാമംഗലം സ്വദേശി റോജിയുടെ കൈയൊടിഞ്ഞു. കാർ യാത്രികരായ കരുപ്പടന്ന സ്വദേശികളായ മൂന്നു പേർ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഗുരുതരമായ പരുക്കുകളില്ല. ഐസ് പൂർണമായി നീക്കി റോഡ് ഗതാഗത യോഗ്യമാക്കിയപ്പോള്‍ രാവിലെ 8.15 ആയി. അതുവരെ വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു

വീതി കുറഞ്ഞ ചേന്ദമംഗലം കവലയില്‍ അപകടങ്ങള്‍ പതിവാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് കവലയില്‍ വച്ചു ബസും ഇരുചക്രവാഹനവും ഇടിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്പ് നിയന്ത്രണം വിട്ട ലോറി കവലയിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പത്രവിതരണത്തിനിറങ്ങിയ ഏജന്‍റ് മരിച്ചിരുന്നു. കവലയുടെ വികസനം നടപ്പാക്കാൻ അധികൃതർക്കു കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

Post a Comment

Previous Post Next Post