അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിനിടെ ലോറി ഉടമയായ മനാഫിന് പൊലീസിൻ്റെ മർദ്ദനം. കേരളത്തിൽ നിന്നുള്ള റെസ്ക്യൂ സംഘവുമായി സംഭവസ്ഥലത്ത് ചെന്നപ്പോളായിരുന്നു സംഭവം.മനാഫിനുനേരെ കയ്യേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും കൂടെയുള്ളവർ ആരോപിച്ചു.
രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിയെ തിരച്ചിലിനായി എത്തിച്ചത് സംബന്ധിച്ചായിരുന്നു തർക്കം. രഞ്ജിത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മനാഫ് ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും പൊലീസ് അപകടസ്ഥലത്തേക്ക് കയറ്റിവിട്ടില്ല.
അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അതീവ മന്ദഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവർത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.