കോട്ടയം: മാളിയേക്കടവില്‍ താറാവ് കർഷകൻ മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. തറാവുകളെ പാടത്തിറക്കി തിരികെ വള്ളം തുഴഞ്ഞ് കരയിലേക്ക് കയറുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സ്ഥിരമായി താറാവുകളെ പാടത്തിറക്കുന്നയാളാണ് സദാനന്ദനെന്നും തിരികെ കരയിലേക്ക് കയറുന്നത് വള്ളത്തിലാണെന്നും നാട്ടുകാർ പറയുന്നു. എന്നാല്‍ വള്ളം എങ്ങനെയാണ് മറിഞ്ഞതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാട്ടുകാരാണ് പാടത്ത് മുങ്ങികിടക്കുന്ന വയോധികനെ കണ്ടത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഇയാള്‍ വള്ളത്തില്‍ നിന്ന് മറിഞ്ഞുവീണതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.