വിഴിഞ്ഞം: ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട കാർ ഇടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ആരോഗ്യ വകുപ്പു ജീവക്കാരന് ദാരുണാന്ത്യം. മുക്കോല സ്വദേശി ദിപിൻ വിദ്യാധരൻ (43) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോവളം-കാരോട് ബൈപ്പാസിലെ കല്ലുവെട്ടാൻ കുഴിയിൽ ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് അപകടം മുക്കോല ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടുതവണ കരണംമറിഞ്ഞ കാർ പിന്നീട് ദിപിന്റെ ദേഹത്ത് ഇടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്ന നെല്ലിമൂട് കണ്ണറവിള സ്വദേശി സിദ്ധു കൃഷ്ണ, വെളളറ സ്വദേശി അബിൻ, പനച്ചമൂട് സ്വദേശി നിതിൻ എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിപിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അമിതവേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: എ.ആർ.ചിത്ര ( പൊന്നാനി നഗര സഭയിലെ എൽ.ഡി ക്ലാർക്ക്). മകൾ: ഗൗരി ദിപിൻ