സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കും. അഞ്ചു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതൽ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാൻ കാരണം.
കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.