ഛത്തിസ്ഗഡിലെ ചമ്പയിൽ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5 പേർക്ക് ദാരുണാന്ത്യം. കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ആദ്യം കിണറിൽ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു 4 പേരും മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. രാമചന്ദ്രൻ ജെയ്സ്വാൾ, അമീഷ് പട്ടേൽ, രാജഷ് പട്ടേൽ, ജിതേന്ദ്ര പട്ടേൽ, തികേശ്വർ പട്ടേൽ എന്നിവരാണ് മരിച്ചത്.
കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് അനുമാനം. രാമചന്ദ്രൻ ജെയ്സ്വാൾ ആണ് ആദ്യമായി കിണറ്റിലേക്ക് ഇറങ്ങിയത്. ജെയ്സ്വാൾ ബോധരഹിതനായതോടെ മറ്റു മൂന്നുപേരും രക്ഷിക്കാനായി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും പുറത്തേക്ക് കേൾക്കാതെ വന്നതോടെ അഞ്ചാമനും ഇറങ്ങുകയായിരുന്നു. മരിച്ചവർ മൂന്നുപേരും ഒരു കുടുംബത്തിലുള്ളവരാണ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.