മലപ്പുറം: 'ഒരു കുടുംബത്തിലുള്ള അഞ്ചുപേരും അപകടത്തില്‍പ്പെട്ടു, ഇതില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി, ബാക്കിയുള്ളവരെ തിരഞ്ഞാണ് ഇവിടേക്ക് എത്തിയത്', തന്റെ പളളിക്ക് സമീപം താമസിച്ച വീട്ടിലുള്ളവരെ തിരഞ്ഞ് നിലമ്ബൂർ ജില്ലാ ആശുപത്രിയിലെത്തിയ ചൂരൻമല പള്ളി വികാരിയുടെ വാക്കുകളാണിത്.
ജീവനറ്റ് കിടക്കുന്നവരെ തേടി എത്താൻ പോലും ആരും ബാക്കിയില്ലാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ തേടി ആശുപത്രിയിലേക്ക് എത്തുന്നവർക്കാവട്ടെ മൃതദേഹം തിരിച്ചറിയാനും സാധിക്കുന്നില്ല, അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടലില്‍ ഒഴുകി എത്തിയവരില്‍ തങ്ങളുടെ ഉറ്റവരുണ്ടോ എന്ന് അന്വേഷിച്ച് നിരവധിപേരാണ് നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ആശുപത്രിയിലുള്ളത്. ഇതില്‍ 18 ഓളം പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് 7.30 വരെ കണ്ടെടുത്തതാണിവ. 19 പുരുഷൻമാർ, 11 സ്ത്രീകള്‍, രണ്ട് ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്.
രാവിലെ ആറ് മണി മുതല്‍തന്നെ പോത്തുകല്ല് ഭാഗത്തുനിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങള്‍ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികളിലേയ്ക്ക് കടന്നിരുന്നു. 26 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്ബൂരില്‍ തന്നെയാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്.
ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാർഡുകളില്‍ പൂർണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകള്‍ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികള്‍ തുടരുന്നു