കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം, 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

 


കോഴിക്കോട് ജില്ലയിൽ   ഇന്നലെയുണ്ടായ അതിതീവ്ര മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.

മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

ഒൻപത് കുടുംബങ്ങളിൽ നിന്നായി 12 സ്ത്രീകളും 11 പുരുഷൻമാരും എട്ട് കുട്ടികളും ഉൾപ്പെടെ 21 പേരാണ് കസബ വില്ലേജിലെ ഐഎച്ച്ആർഡി ടെക്നിക്കൽ എച്ച്എസ്എസ്, മാവൂർ വില്ലേജിൽ കച്ചേരിക്കുന്ന് സാംസ്കാരിക നിലയം, കുമാരനല്ലൂർ വില്ലേജിൽ മൂട്ടോളി ലോലയിൽ അംഗനവാടി, ചേവായൂർ വില്ലേജിലെ എൻജിഒ ക്വാർട്ടേഴ്‌സ് സ്‌കൂൾ, കോട്ടൂളി ജി.എൽ.പി.സ്കൂ‌ൾ എന്നിവിടങ്ങളിലെ നാലു ക്യാംപുകളിൽ കഴിയുന്നത്.

ഇവർക്കു പുറമേ തലക്കുളത്തൂർ, ചേളന്നൂർ, കോട്ടൂളി, മാവൂർ, കുമാരനല്ലൂർ, ഫറോക്ക്, കരുവന്തിരുത്തി, കുറ്റിക്കാട്ടൂർ വില്ലേജുകളിലായി 39 കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.


കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും മറ്റുമായി 14 വീടുകൾ ഭാഗികമായി തകർന്നു. എലത്തൂർ വില്ലേജിൽ കോർപറേഷൻ രണ്ടാം വാർഡിൽ ജെട്ടി റോഡ് താമരക്കൽ പറമ്പ് അർച്ചന നിവാസിൽ പി മധുസൂദനൻ എന്നവരുടെ വീടിന്റെ മതിൽ തകർന്ന് വീട് അപകടാവസ്ഥയിലായി.  

തൊട്ടടുത്ത ബാഷിദ കെ എന്നവരുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. ബേപ്പൂർ വില്ലേജിലെ പാടത്ത് പറമ്പിൽ തെങ്ങ്, മാവ് എന്നിവ കടപുഴകി വീണ് ചൊക്കിളി മുസ്‌തഫയുടെ വീടിന് നാശനഷ്ടം സംഭവിച്ചു

പുതിയങ്ങാടി എഫ്സിഐ ഗോഡൗണിലെ ഓവ് ചാൽ ഗ്രില്ലിൽ മാലിന്യം കുടുങ്ങി അടഞ്ഞത് കാരണം വരക്കൽ കൈതവളപ്പ് പ്രദേശത്തെ 15ഓളം വീടുകളിൽ വെള്ളം കയറി.


പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയിലെ ബിയ്യാത്തുമ്മ കുട്ടി എന്നവരുടെ വീടിൻ്റെ അടുക്കള ഭാഗം മഴയിൽ തകർന്നു വീണു. ഫറോക്ക് 24-ാം ഡിവിഷനിൽ വനജ എന്നിവരുടെ വീട് മരം വീണ് അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.


താമരശ്ശേരി താലൂക്കിലെ അഞ്ച് വില്ലേജുകളെ മഴക്കെടുതികൾ ബാധിച്ചു. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കൂടത്തായി വില്ലേജിൽ മൈക്കാവ് പള്ളിയുടെ പിൻഭാഗത്തം മണ്ണിടിഞ്ഞു പള്ളിയുടെ  പിൻഭാഗത്തുള്ള അടുക്കള പൂർണമായും തകർന്നു.


തെയ്യപ്പാറ ഏലിയാസ് എന്നവരുടെ വീടിന് മുകളിൽ മരം വീണ് വീട്ടിന് കേടുപാടുകളുണ്ടായി. കിഴക്കോത്തു വില്ലേജിൽ മുഹമ്മദ് പൂക്കാട്ടുപുറായിൽ എന്നവരുടെ മതിലും കിണറും ഇടിഞ്ഞു താഴ്ന്നു. 

ഇതേ വില്ലേജിൽ വേലായുധൻ മടത്തുകുഴിയിൽ എന്നവരുടെ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞതിനെ തുടർന്ന് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. ആവിലോറ പണിക്കോട്ടുമ്മൽ സുകുമാരൻ എന്നവരുടെ വീടിനു മുകളിൽ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു.


നരിക്കുനി വില്ലേജിൽ ശിവദാസൻ ആരിചോലയിൽ എന്നയാളുടെ വീടിനോട് ചേർന്നുള്ള ഭാഗംവും ചാലിയേക്കരക്കുന്നു സജിത എന്നവരുടെ വീടിനോട് ചേർന്ന മുറ്റവും ഇടിഞ്ഞു താഴ്ന്നു. വേങ്ങേരി വില്ലേജ് പാറോപ്പടി - കണ്ണാടിക്കൽ റോഡിൽ കുന്നുമ്മൽ മധു എന്നവരുടെ വീടിന്റ ഒരു ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് വീണ് വീടിന് വിള്ളലുണ്ടായി.

കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 12 വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിയ്യൂർ വില്ലേജിൽ അഞ്ച് കുടുംബങ്ങളും അരിക്കുളം വില്ലേജിൽ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്.


അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രൻ കാരയാട് എന്നയാളുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു. കാന്തലാട് വില്ലേജിൽ കൊയിലാട്ട്മുക്ക് ഷാജി എന്നവരുടെ കട ശക്തമായ മഴയിൽ ഭാഗികമായി തകർന്നു.

ചെങ്ങോട്ടുകാവ് വില്ലേജിൽ പുലയന്റെചോട്ടിൽ ശിവദാസൻ എന്നവരുടെ വീടിനു മുകളിൽ തെങ്ങുവീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്നോറ ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണ സംഭവമുണ്ടായി.


അതിനിടെ, പൂനൂർ പുഴയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാർ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു .

പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുത വിതരണ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.

Post a Comment

Previous Post Next Post