മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. അയൽജില്ലയായ മലപ്പുറം പോത്തുകല്‍ മുണ്ടേരി ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 25 മൃതദേഹങ്ങൾ. മൂന്നുവയസ്സുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ് ആദ്യം തീരത്തടിഞ്ഞത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതാണ് മൃതദേഹങ്ങള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിൽ മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. പാലം തകർന്നതോടുകൂടി രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ചാലിയാറിന്റെ തീരത്ത് കൂടി രക്ഷപ്രവർത്തകർ അന്വേഷണം ആരംഭിച്ചു. 75 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്