എറണാകുളം ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്‌ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി.
ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്. 3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം.