ഉഡുപ്പി∙ വിദ്യാർഥികളുമായി സ്കൂൾ ബസ് ഓടിച്ചു പോകുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. വിദ്യാർഥികൾക്ക് അപകടമില്ലാതെ ബസ് മരത്തിൽ ഇടിച്ച് നിർത്തി എങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ മരിച്ചു. ബ്രഹ്മവാർ സ്വദേശി ആൽവിൻ ഡിസൂസ (53) ആണ് മരിച്ചത്. ബ്രഹ്മവാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളുമായി രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ബസ് പേരാമ്പള്ളി പിന്നിട്ടതോടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ സ്പീഡ് കുറച്ച് വശത്തുള്ള മരത്തിൽ ഇടിച്ചുനിർത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്. നാട്ടുകാരെത്തി എല്ലാവരെയും മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ് വിദ്യാർഥികളിൽ നാല് പേർ ആശുപത്രി വിട്ടു. ഒരാൾ ചികിത്സയിലാണ്.