തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മകന് സ്കൂൾ ഷൂസ് വാങ്ങാൻ പോയ അമ്മയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ പോകുന്നതിനിടെ, അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിക്കുകയായിരുന്നു.
മണക്കാട് പുതുനഗർ സെന്തിൽ നിവാസിൽ സുബ്രഹ്മണ്യൻപിള്ളയുടെ ഭാര്യയും ചാലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റുമായ എസ്.ടി.നിഷ (35) ആണ് മരിച്ചത്.
മകൻ സരസ്വതി വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സഹിഷ്ണു, നിഷയുടെ ഭർത്താവിൻ്റെ അനുജന്റെ ഭാര്യ വിനീത, വിനീതയുടെ മകൻ അക്ഷിത് (ഒന്ന്) എന്നിവർക്ക് പരുക്കേറ്റു.
ബസ് പിന്നിലിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിഷയെ കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടുപോയാണ് ബസ് നിന്നത്. സഹിഷ്‌ണുവിന് ഷൂസ് വാങ്ങാൻ പോകുന്നതിടെയാണ് അപകടം. വിനീതയാണ് സ്‌കൂട്ടർ ഓടിച്ചത്.