കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം കണ്ണീരോടെ ഏറ്റുവാങ്ങി കേരളക്കര



കൊച്ചി : കുവൈറ്റിലെ

തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ഏറ്റുവാങ്ങി. തുടർന്ന് വിമാനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധനൻ സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വീണ ജോർജ്, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആദരസൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകികുവൈറ്റിൽ മരിച്ച മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കൊച്ചിയിൽ എത്തിച്ചത്. മൃതദേഹങ്ങളുമായി വ്യോമസേനയുടെ C30) വിമാനം കുവൈറ്റിൽ നിന്നും പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ 10.25 ഓടെയാണ് കൊച്ചിയിൽ ഇറങ്ങിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങൾ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ എത്തിച്ചത്.എംപിമാർ, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ, മരിച്ചവരുടെ ബന്ധുകൾ ഉൾപ്പടെ നിരവധിയാളുകൾ എയർപോർട്ടിലെത്തിയിരുന്നു. കേരളത്തിന്റെ ഒരു നുറ്റാണ്ടിലേറെ നീളുന്ന ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ട ഏറ്റവും വേദനാജനകമായ കാഴ്ചകൾക്കാണ് കൊച്ചി വിമാനത്താവളം ഇന്ന് സാക്ഷിയായത്. നാടാകെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


വലിയ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബങ്ങൾക്ക് തീരാത്ത നഷ്ടവും ദുഃഖവുമാണ് ഉണ്ടായിട്ടുള്ളത്. ദുരന്തമുണ്ടായതിന് ശേഷം കുവൈറ്റ് സർക്കാരും കേന്ദ്രസർക്കാരും നല്ല രീതിയിലാണ് ഇടപെടൽ നടത്തിയത്. അതേ സമയം മന്ത്രി വീണ ജോർജിന് കുവൈറ്റിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു.


തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 45 പേരുടെ മൃതദേഹമാണ് വ്യോമസേന വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. ഇതിൽ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. പതിനാല് മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. കൊച്ചിയിൽ ഇറക്കിയ 31 മൃതദേഹങ്ങളിൽ ഏഴു തമിഴ്നാട് സ്വദേശികളുടെയും, ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം ഉൾപ്പെടുന്നു.തമിഴ്നാട്, കർണാടക അധികൃതരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വിവിധ ജില്ലകളിലെ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പൊലീസ് അകമ്പടിയോടെയായിരിക്കും മൃതദേഹങ്ങൾ വീടുകളിലെത്തിക്കുക.


ബുധനാഴ്ച‌ (ജൂൺ 12) ആണ് കുവൈറ്റിലെ മാംഗഫ് മേഖലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. 200ഓളം തൊഴിലാളികൾ അപകട സമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്നു. മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് അപകടം നടന്ന ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്‌നാട്, കർണാടക, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടം നടന്ന കെട്ടിടത്തിൽ കുടുങ്ങി പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് അധികമാളുകളും മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ കുവൈറ്റ് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്ത് കർശന നടപടികൾ സ്വീകരിച്ച് വരികയാണ്.

Post a Comment

Previous Post Next Post