കുവൈറ്റിലെ തീപിടിത്തം; മരിച്ചവരിൽ രണ്ട് കാസർകോട് സ്വദേശികളും

 


കാസർകോട്: ഇന്ന് പുലർച്ചെ കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ രണ്ട് കാസർകോട് സ്വദേശികളും. ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്( 34), തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി (55) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെങ്കള കുണ്ടടുക്കത്തെ രവീന്ദ്രന്റെയും രമണിയുടെയും മകനാണ് രഞ്ജിത്ത്. കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്തുതു വരികയായിരുന്നു. ഒരു വർഷം മുമ്പ് വീടിൻ്റെ പാല് കാച്ചൽ ചടങ്ങിന് എത്തിയിരുന്നു.


സഹോദരങ്ങൾ: രജീഷ് ( ഗൾഫ് ) രമ്യ. എളംബച്ചി സ്വദേശി കേളു എൻ. ബി.ടി.സി ഗ്രൂപ്പിലെ പ്രൊഡക്ഷൻ എൻജിനിയറാണ്. ഭാര്യ: കെ.എൻ. മണി (പിലിക്കോട് പഞ്ചായത്ത് ജീവനക്കാരി). രണ്ട് ആൺമക്കൾ ഒരാൾ വിദ്യാർത്ഥിയാണ്. കാസർകോട് ജില്ലയിൽ നിന്നുള്ള നിരവധി പേർക്ക് അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട് . 11 മലയാളികളാണ് മരിച്ചത്. കൊല്ലം

സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു ( 29 ) എന്നിവരെയും തിരിച്ചറിഞ്ഞു. അപകടത്തിൽ 41ലേറെ പേർ മരിച്ചതായാണ് വിവരം. മംഗഫ് ബ്ലോക്ക് നാലിൽ മലയാളികൾ ഉൾപ്പെടെ കമ്പനി ജീവനക്കാർ താമസിക്കുന്ന ക്യാംപിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. തീ ആളിപ്പടർന്നതിനെ തുടർന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കെട്ടിടത്തിൽ പ്രാണരക്ഷാർഥം താഴേക്ക് ചാടിയവരാണ് അപകടത്തിൽ പെട്ടത്.

Post a Comment

Previous Post Next Post